എഴിലമ്പാല

പാല, യൊരേഴിലമ്പാലയെൻ വീടിന്റെ
പ്രാചിയിലങ്ങേപ്പറമ്പിൽ നില്പുണ്ടതീ –
നാടിന്നഭൌമ പ്രതീതിയേകാനിതാ
മാദക ഗന്ധം പരത്തുന്നു പൂക്കളാൽ!

ചുറ്റും മരങ്ങൾ മറ്റില്ല, തൊടിയതി-
ലൊറ്റ മരം പാലയാരോ നിവർത്തിയ,
കൂറ്റൻ കുട പോൽ വിടർന്നു നില്പൂ നിത്യ-
മെത്ര വിഹംഗങ്ങൾ വിശ്രമിക്കുന്നിതിൽ !

പൊന്മാൻ, മരങ്കൊത്തി, കാകൻ, കരിങ്കുയിൽ,
കണ്ണാടി കൊത്തും ചിലപ്പൻ കിളി, പിന്നെ
പമ്മി നടന്നിരതേടും ചകോരമി-
തെല്ലാം സഭ ചേരുമെന്നുമീ പാലയിൽ.

പാതിരാവൊന്നു കഴിഞ്ഞാൽ കുയിൽ മെല്ലെ
സാധകം ചെയ്യാൻ തുടങ്ങുമിരുന്നിതിൽ.
ദൂരത്തിരുന്നേറ്റു പാടുമേതോ കുയി-
ലോരോ വരിയുമനുനാദമെന്ന പോൽ.

പാടല വർണ്ണപ്രഭയിൽക്കുളിച്ചു ഭൂ-
പാള രാഗം മൂളിയെത്തും പുലരിക്കു,
സ്വാഗതമോതാനിരിക്കുന്നു പാലയിൽ,
നാദപ്രപഞ്ചമൊരുക്കിപ്പതത്രികൾ.

പാല, യിതാണെന്റെ നാടിന്റെ ജീവനീ-
പാലയില്ലാതെ പൈങ്ങോടില്ല, ഞാനില്ല.
പാലയ്ക്കുരയ്ക്കാൻ കഥയേറെ, നൂറല്ലൊ-
രായിരമല്ലതു തീരില്ലൊരിക്കലും !!

കുറിപ്പ് : അനുനാദം = മാറ്റൊലി.
പതത്രികൾ = പക്ഷികൾ.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>