ഭാരതീയം

കോടി യുഗങ്ങളായ് ചൂടുന്നൊരീയാത്മ-
കോടീരമേകുന്ന ചൈതന്യ ശക്തിയാ-
ലാടലെന്യേയാർഷ  ഗാഥാമൃതം പകർ –
ന്നീടുറ്റ പൈതൃകം കാത്തതീ ഭാരതം.

എത്ര തപസ്വികളെത്രയൂതിക്കഴി-
ച്ചുല് ക്കൃഷ്ടമാക്കിയെടുത്തതീ സംസ്കൃതി.
എത്ര പുരാണേതിഹാസങ്ങളിൽക്കൂടി-
യുത്തുംഗ കോടിയിലെത്തിയ സംസ്കൃതി.

സിദ്ധാർത്ഥനും വർദ്ധമാനനും നനാക്കു-
മദ്വൈത സിദ്ധാന്തി ശങ്കരാചാര്യരും,
എത്രയിത്ഥം നചികേതസ്സുകൾ വന്നു
മൃത്യു രഹസ്യമറിയിച്ചതീ യുഗേ.

എത്ര വിദേശികൾ നിത്യ സത്യത്തിന്റെ
വിത്തുകൾ തേടിയുഴന്നണഞ്ഞിന്ത്യയിൽ.
നിസ്തുലമത്യന്ത സുന്ദര സത്യമോ
തത്ത്വമസിയെന്നറിഞ്ഞു മോക്ഷാർത്ഥികൾ.

സത്യധർമ്മങ്ങളെ മാറോടു ചേർത്താത്മ-
ശക്തിയാൽ സത്യാഗ്രഹാഗ്നിയിൽ നാം സൂര്യ –
നസ്തമിച്ചീടാത്ത സാമ്രാജ്യ ശക്തിയെ
നിസ്തേജരാക്കിയോർ ബാപ്പുവിന്നിച്ഛ പോൽ.

പണ്ടു സനാതന മൂല്യങ്ങളാൽ തറ-
ക്കല്ലുകൾ പാകിപ്പടുത്തോരീ സംസ്കൃതി,
വിണ്ടടർന്നിന്നീയടിത്തറക്കേറ്റ വൻ
ദണ്ഡനത്താൽ നിണം വാർന്നു വിവർണ്ണമായ്.

ഖാദിയുടുപ്പിച്ച പാതിപ്പരീക്ഷണം,
കാവി പുതപ്പിച്ചു പൂർണ്ണമാക്കീടവേ,
ഓങ്കാര മന്ത്രം തടഞ്ഞു കണ്ഠങ്ങളിൽ
ഹുങ്കാര ശബ്ദ പ്രകമ്പന ശക്തിയിൽ.

ഞെട്ടി വിറച്ചുപോയാസേതുകൈലാസ –
“മൊട്ടു ചിരിച്ചന്നു ശാക്യൻ”ദശബലൻ.
നിത്യം പരമാത്മ ബോധനം ചെയ്യുവോ –
രിത്ര പരമാണു സ്ഫോടനാസക്തരോ !!

മർത്ത്യരെ നിർദ്ദയം ചുട്ടെരിച്ചാഭാസ-
വർത്തനങ്ങൾക്കു മറ പിടിച്ചീടുവോർ,
ആണവ ജൈവ രാസായുധ ശക്തിയി –
ലാധിപത്യം മൂത്തഹങ്കരിച്ചീടുവോർ,

രക്ഷകന്റെ നിലയങ്കിയിലായിരം
തക്ഷകന്മാരായ് പതിയിരിക്കുന്നവർ,
ആരാദ്ധ്യരായ്ത്തീർന്നവർക്കൊപ്പമെത്തുവാ  –
നാഞ്ഞു പിടിക്കയോ ഇന്നത്തെ ഭാരതം  !!

വേണ്ടാ ഹിരോഷിമ, നാഗസാക്കിക്കു നാം,
വേണ്ടാ പടക്കോപ്പു കൂട്ടേണ്ടൊരിക്കലും.
വീണ്ടെടുക്കാമാർഷ ഭൂവിൻ വിശുദ്ധിയെ,
വീണ്ടുമാ മന്ത്രം ജപിക്കാം നമുക്കിനി.

“ലോകാ സമസ്താ സുഖിനോ ഭവന്തു”

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>