ശുഭപ്രതീക്ഷ

കർക്കിടകം കറുകറുത്ത കാർകുഴലഴിച്ചുറഞ്ഞാടി
കനത്ത മാരിയിലനക്കമറ്റു കിടന്നൂ ഭൂദേവി.

പട്ടിണി പാടെയകറ്റി, നിരക്കേ ഭൂതി പരത്തീടാൻ
നെയ്ത്തിരി ദീപസമീപേ കീർത്തനമാലാപം ഹൃദ്യം !

അറയിലൊരിലയിൽ ശീവോതിക്കായ്‌ ഗ്രന്ഥം, ദശകുസുമം,
വാൽക്കണ്ണാടി, വസനമിതൊക്കെയൊരുക്കുന്നൂ മർത്ത്യൻ!

മാരിക്കാറു മുറിഞ്ഞകലും നറു പുലരികൾ വിരിയുന്നു,
മാനവ ചിത്തേ മോഹത്തിൻ പുതു നാമ്പുകളുയരുന്നു.

കൊയ്ത്തു കഴിഞ്ഞ നിലങ്ങളിൽ കാലികൾ മേഞ്ഞു നടക്കുന്നു,
മുറ്റത്തങ്ങിങ്ങായ് പല പല നെൽക്കൂനകളുയരുന്നു.

പുത്തരിയായി പഴമ മെനഞ്ഞൊരു പല്ലവിയീണത്തിൽ,
ചിത്തത്തിന്നനുഭൂതി പകർന്നു മുഴങ്ങുന്നെമ്പാടും.

‘ഇല്ലം നിറ നിറ വല്ലം നിറ നിറ പത്തായം നിറയോ’ !
നെല്ലിൻ കതിരു സമൃദ്ധി കുറി,ച്ചറവാതിലിലാടുന്നു.

കഴിഞ്ഞ നല്ലൊരു നാളിന്നോർമ്മയുമേന്തി വരുന്നല്ലോ,
വിരുന്നിനാണ്ടിലൊരിക്കൽ പൂക്കുട ചൂടിയ പൊന്നോണം !!

facebooktwittergoogle_plusredditpinterestlinkedinmail